ചെറുതോണി: വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂൾ ഗ്രൗണ്ട് പുനർനിർമിച്ച് സ്റ്റേഡിയമാക്കമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ചെറുതോണി യൂണിറ്റ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
ഇടുക്കി, ചെറുതോണി ഡാമുകളുടെ നിർമാണപ്രവർത്തനം ആരംഭിച്ച കാലം മുതൽ നാട്ടിലെ കായികതാരങ്ങൾ പരിശീലനം നേടുകയും ജില്ലാ ആസ്ഥാനമെന്ന നിലയിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും സാക്ഷ്യംവഹിക്കുകയും ചെയ്തിട്ടുളള ഗ്രൗണ്ട് നിലവിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
കായിക താരങ്ങൾക്കു പരിശീലനം നേടാനോ ജില്ലാ ആസ്ഥാനത്തെ പരിപാടികൾ നടത്താനോ സാധിക്കാത്ത സാഹചര്യമാണ്. ഗ്രൗണ്ട് പുനർനിർമിച്ച് ജില്ലാ ആസ്ഥാനത്തെ പ്രധാന സ്റ്റേഡിയമാക്കി മാറ്റണമെന്നാണ് നിവേദനത്തിലെ ആവശ്യം. ചെറുതോണി മുതൽ ഇടുക്കി മെഡിക്കൽ കോളജ് വരെയുളള റോഡിന്റെ വീതികൂട്ടുന്ന ജോലികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും ദേശീയപാത നിർമാണം മൂലം ചെറുതോണി ടൗണിലെ വ്യാപാരികളുടെ ഉപജീവനമാർഗം നഷ്ടമാകാതിരിക്കാൻ നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, ഭാരവാഹികളായ ബിപിഎസ് ഇബ്രാഹിംകുട്ടി, ബിജു മട്ടയ്ക്കൽ, എ. തങ്ങൾകുട്ടി, ലെനിൻ ഇടപ്പറന്പിൽ, സുശീല ടോമിച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.